ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; ഒന്നാംപ്രതി ഷുഹൈബിന് ജാമ്യം



ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാംപ്രതിയും എം എസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ജാമ്യമനുവദിച്ചത്. അതേസമയം അൺ എയ്ഡഡ് സ്കൂളിലെ പ്യൂണും കേസിലെ നാലാം പ്രതിയുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങലും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

പ്യൂണ്‍ അബ്ദുല്‍ നാസറിനെ മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എം എസ് സൊല്യൂഷൻസ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പറിലേതിന് സമാനമായ ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

Previous Post Next Post