മൂന്നാമതും പിണറായി നയിക്കും;ഭരണരംഗത്ത് പ്രായപരിധി ബാധകമല്ല, സൂചന നൽകി ഇപി ജയരാജൻ…




മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇപി വിശദീകരിച്ചു.

അനുദിനം കേരളം മെച്ചപ്പെട്ട് വരികയാണ്. അതിന് പിന്നിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പാർട്ടി കാണും. ഭരണ രംഗത്ത് നിൽക്കുന്നതിൽ പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാർട്ടിക്ക് വേണ്ടിയുള്ളതാണ്. പുതിയ നേതൃ നിരയെ ഉയർത്തിക്കൊണ്ടുവരാനാണ്.കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇപി ഒഴിവാകുമോ എന്ന ചോദ്യത്തിന് ചർച്ച ചെയ്യുന്നവർ സന്തോഷിക്കട്ടേ എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. 75 വയസ് പ്രായപരിധി പാർട്ടിക്ക് ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയ സമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയും. തന്‍റെ കഴിവും പാർട്ടി ഉപയോഗിക്കും. ഏത് വഴി എന്ന് ഇപ്പോൾ പറയാനാകില്ല. പ്രായപരിധി നിബന്ധന പാർട്ടിക്ക് ഗുണം ചെയ്യും. ദോഷം നിരീക്ഷിക്കുന്നവർ അങ്ങനെ നിരീക്ഷിക്കട്ടേയെന്നും ഇപി പ്രതികരിച്ചു. ‘
Previous Post Next Post