പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ട് മക്കളെ മുക്കിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു



കാക്കിനാട: പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്‍റെ പേരിൽ തന്‍റെ 2 മക്കളെയും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഓയിൽ ആൻഡ് നാച്ച്വറൽ ഗ്യാസ് കോ-ഓപ്പറേറ്റിവ് ജീവനക്കാരനായ 37 കാരനാണ് ഈ ക്രൂരതയ്ക്കു പിന്നിൽ. ആന്ധ്രാപ്രദേശിലെ കാക്കിനാട നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു ഈ ദാരുണമായ സംഭവം.

പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ചതിനെ തുടർന്ന് പ്രായപൂർത്തിയാവാത്ത രണ്ട് ആൺമക്കളെയും യുവാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയും തുടർന്ന് ഇയാൾ തൂങ്ങി മരിക്കുകയുമായിരുന്നു. പുറത്തുപോയി വന്ന ഭാര്യയാണ് മൃതദേഹങ്ങൾ കാണുന്നത്.

കുട്ടികൾ പഠനത്തിൽ മികവ് പുലർതാത്ത സാഹചര്യത്തിൽ മത്സരബുദ്ധിയുള്ള ഈ ലോകത്ത് കഷ്ടപ്പെടേണ്ടിവരുമെന്ന് യുവാവ് ഭയപ്പെട്ടു. ഈ ചിന്ത സഹിക്കാൻ കഴിയാതെയാണ് അയാൾ ഈ ക്രൂരമായ വഴി സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ വിലയിരുത്താൻ ഫോറൻസിക് സംഘത്തെ വിന്യസിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Previous Post Next Post