ഗോത്രവര്‍ഗക്കാരായ 45 ക്രിസ്തുമത കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചതായി വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള നേതാക്കൾ അവകാശപ്പെട്ടു. മൂന്ന് തലമുറകളായി ക്രൈസ്തവ വിശ്വാസത്തിൽ ജീവിച്ചുവന്ന 45 കുടുംബങ്ങളിൽ ഇനി 15 കുടുംബങ്ങളാണ് ക്രിസ്ത്യൻ വിശ്വാസത്തിൽ അവശേഷിക്കുന്നത്.
മൂന്നു പതിറ്റാണ്ടു മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് മതംമാറ്റ ചടങ്ങുകൾ നടന്നത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ ഭൂമിയിലാണ് പള്ളി നിന്നതെന്നും ഇതാണ് ക്ഷേത്രമാക്കി മാറ്റിയതെന്നും ഇവർ പറഞ്ഞു
കുരിശടക്കമുള്ള മതചിഹ്നങ്ങൾ എടുത്തുമാറ്റിയ ശേഷം ഭൈരവമൂർത്തിയെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്‍റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തെ സംരക്ഷിക്കുന്ന കാവൽ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഇതുവരെ ഞായറാഴ്ച ക്രൈസ്തവ ആചാരപ്രകാരം പ്രാർഥനകൾ നടന്ന ഇവിടെ ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്ന് ഗരാസിയ പറഞ്ഞു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾ മതം മാറിയാൽ വധശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുന്ന നിയമനിർമ്മാണം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വനിതാ ദിനത്തിൽ പറഞ്ഞിരുന്നു. വ്യതസ്ത മതത്തിൽപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്ന നാട്ടിൽ അവരുടെ വിവാഹങ്ങളും മതംമാറ്റങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന നിയമനിർമ്മാണം ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.