ഗവ. നഴ്സിങ് കോളെജ് റാഗിങ് കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു



കോട്ടയം: ഗാന്ധി നഗർ ഗവ. നഴ്സിങ് കോളെജ് റാഗിങ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് 45-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 40 സാക്ഷികളുള്ള കേസിൽ 32 രേഖകളും സമർപ്പിച്ചിട്ടുണ്ട്. നഴ്സിങ് കോളെജിൽ നടന്നത് കൊടും ക്രൂരതയെന്നാണ് കുറ്റപത്രം.

ലഹരിക്ക് അടിമയായ പ്രതികൾ ജൂനിയർ വിദ‍്യാർഥികളെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തി. റാഗിങ്ങിന് ഇരയായവർ വേദന കൊണ്ട് പുളയുമ്പോൾ ദൃശ‍്യങ്ങൾ പകർത്തി സന്തോഷിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. കോളെജ് അധികൃതർ, ഹോസ്റ്റൽ വാർഡൻ എന്നിവർ സംഭവം അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയന്നു.

കോട്ടയം മുനിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ തന്നെ പകർത്തിയ വീഡിയോ ദൃശ‍്യങ്ങളാണ് കേസിൽ നിർണായക തെളിവായത്. കേസിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ ജയിലിലാണ്.
Previous Post Next Post