ക്ഷേത്ര ജീവനക്കാരന്‍റെ തലയിൽ ആസിഡ് ഒഴിച്ചു; രണ്ട് പുരോഹിതർ അറസ്റ്റിൽ





ഹൈദരാബാദിലെ സൈദാബാദിലുള്ള ക്ഷേത്ര ജീവനക്കാരന്‍റെ തലയിൽ ആസിഡ് ഒഴിച്ച് ക്ഷേത്രം പുരോഹിതർ അറസ്റ്റിൽ. ശ്രീ ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിൽ മാർച്ച് 14 നാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ജീവനക്കാരനായ ചിന്തല നർസിങ് റാവു എന്ന അറുപതുകാരനാണ് ആസിഡ് അക്രമണം നേരിടേണ്ടി വന്നത്. മാസ്ക് ധരിച്ച് ഒരു അജ്ഞാതൻ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനു മുന്നിൽ എത്തുകയായിരുന്നു. ‌

പിന്നീട് ക്ഷേത്രത്തിലെ അന്നദാനത്തെക്കുറിച്ച് ചോദിച്ചറിയുകയും അന്നദാന കൂപ്പൺ തനിക്ക് വേണമെന്ന് അജ്ഞാതൻ ആവശ്യപ്പെടുകയുമായിരുന്നു. കൂപ്പൺ എടുക്കുന്ന വേളയിലാണ് മാസ്ക് മാറ്റി റാവുവിന്‍റെ തലയിലേക്ക് ഹാപ്പി ഹോളി എന്ന് പറഞ്ഞ് ആസിഡ് ഒഴിക്കുന്നത്.

സംഭവത്തിൽ റാവുവിന്‍റെ തലയോട്ടി, മുഖം, കണ്ണുകൾ, കഴുത്ത് എന്നിവയ്ക്ക് ഗുരുതര പൊളളലേൽക്കുകയായിരുന്നു. വധശ്രമ കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തത്.

അന്വേഷണത്തിൽ മേദക് ജില്ലയിലെ സദാശിവ്‌പേട്ട സ്വദേശി റായ്കോട് ഹരിപുത്ര (31), സൈദാബാദ് സ്വദേശി അരിപിരള രാജശേഖർ ശർമ (41) എന്നീ പൂജാരിമാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

രാജശേഖർ ശർമയ്ക്ക് റാവുവിനെടുളള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കണ്ടെത്തൽ. റാവുവിനെ അക്രമിക്കാൻ ഹരിപുത്രയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു രാജശേഖർ എന്നാണ് സംശയം.
Previous Post Next Post