വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷയെ കാറ്റിൽപറത്തി കനുഗൊലുവിന്റെ സര്‍വേ.മൂന്നാം തവണയും കോൺഗ്രസ് പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാമത്തെ പരാജയത്തിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2016ലേയും 2021ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ, അധികാരം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് സര്‍വേ വലിയ തിരിച്ചടിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകലഹങ്ങളും പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ പാര്‍ട്ടിക്ക് അധഃപതനം സംഭവിച്ചുകഴിഞ്ഞുവെന്ന് കനുഗൊലു സര്‍വേയില്‍ പറയുന്നു.