ശബരിമലയില്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം ലീക്ക് ചെയ്തത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ആരോ ആണെന്ന മോഹന്‍ലാലിന്റെ വാക്കുകളോട് പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം.മോഹന്‍ലാലിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞു. രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
വഴിപാട് നടത്തിയ ഭക്തന് നല്‍കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡ് രസീത് സൂക്ഷിക്കുന്നത് കൗണ്ടര്‍ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല.. വസ്തുതകള്‍ മനസിലാക്കി മോഹന്‍ലാല്‍ പ്രസ്താവന തിരുത്തണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എത്തിയതോടെയാണ് മോഹന്‍ലാല്‍ വഴിപാട് നടത്തിയ രസീത് പുറത്തു വന്നത്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തി നല്‍കിയത് എന്നായിരുന്നു ഇതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.പിന്നാലെയാണ് മറുപടിയുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.