ആത്മവിശ്വാസത്തോടെ പദവി ഒഴിയാൻ കെ സുരേന്ദ്രൻ… നേട്ടങ്ങളോടെ പടിയിറക്കം...


തിരുവനന്തപുരം : ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായാണ് കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്. കൂടാതെ സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം ഇരുപതിലെത്തിച്ച അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. മാത്രമല്ല മലപ്പുറം ഒഴികെ ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിവോട്ട് ലക്ഷത്തിന് മുകളിലെത്തിക്കാനും സുരേന്ദ്രൻ അധ്യക്ഷനായ സമയത്ത് സാധിച്ചു.ഇതിനിടെ കൊടകര കുഴൽപണ വിവാദം ഉള്‍പ്പെടെ പലതിലും ആരോപണങ്ങള്‍ നേരിടേണ്ടിയും വന്നു.

ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍ എന്ന പ്രതിച്ഛായയുമായാണ് 2020 ഫെബ്രുവരി 15 ന് കെ.സുരേന്ദ്രന്‍ ചുമതലയേറ്റത്.എബിവിപിയുടെയും തുടര്‍ന്ന് യുവമോര്‍ച്ചയുടെയും അനിഷേധ്യനേതാവെന്ന നിലയിലുള്ള സമരങ്ങളായിരുന്നു ആധാരം. ശബരിമല യുവതീപ്രവേശന പ്രശ്നം വന്നപ്പോള്‍ ആചാരസംരക്ഷണ സമരങ്ങളുടെ മുൻനിര പോരാളി. ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അറസ്റ്റുചെയ്ത് ആഴ്ചകളോളം ജയിലില്‍ അടച്ചു. ബി.ജെ.പിയിലെ വി. മുരളീധര പക്ഷത്തിന്റെ ശക്തനായ വക്താവായ സുരേന്ദ്രന് തിരഞ്ഞെടുപ്പുകളിലെ പ്രകടനവും ഗുണമായി. തുടര്‍ന്നാണ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായി  കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിച്ച സുരേന്ദ്രന് 2,97,000 ല്‍പ്പരം വോട്ടുകിട്ടിയെങ്കിലും. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും 2014 ലേതിനെക്കാള്‍ ഒന്നരലക്ഷത്തിലേറെ വോട്ടുകൂടുതല്‍ നേടാന്‍ സുരേന്ദ്രനായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിച്ച സുരേന്ദ്രന്‍ നേമത്ത് നിന്ന് ജയിച്ച് ഒ. രാജഗോപാലിനൊപ്പം നിയമസഭയില്‍ എത്തേണ്ടതായിരുന്നു.വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
Previous Post Next Post