
മേലാറ്റൂരിൽ മുൻ ഭാര്യയുടെ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ അറുപത്തിയേഴുകാരന്റെ ശ്രമം. തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ഇരുവരെയും വെട്ടിയ ശേഷം പ്രതി മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മേലാറ്റൂർ കിഴക്കമ്പാടത്ത് ആണ് സംഭവം.
മേലാറ്റൂർ കിഴക്കമമ്പാടം സ്വദേശിനി അംബിക, സഹോദരൻ മോഹൻദാസ് എന്നിവർക്കാണ് വെട്ടേറ്റത്. മേലാറ്റൂർ എടപ്പറ്റ സ്വദേശി കേശവനാണ് (67) വൈരാഗ്യത്തിൻ്റെ പുറത്ത് മുൻ ഭാര്യയുടെ സഹോദരിയെ വെട്ടിയത്. വെട്ടേറ്റ അംബികയുടെ സഹോദരിയും കേശവൻ്റെ രണ്ടാം ഭാര്യയുമായ വത്സല കേശവനിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിന് കാരണമായത് അംബികയാണെന്ന് ചൂണ്ടി കാട്ടിയായിരുന്നു കൊലപാതക ശ്രമം. എതിർക്കാനെത്തിയ വത്സലയുടെയും അംബികയുടെയും സഹോദരനായ മോഹൻദാസിനും വെട്ടേൽക്കുകയായിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അംബികയേയും മോഹൻദാസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേശവൻ്റെ ആദ്യ ഭാര്യ തീകൊളുത്തി മരിച്ചിരുന്നു.