ജൂണിൽ പരീക്ഷ…ഇഗ്‌നോ എംബിഎ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രമായി കിട്ടിയത് കണ്ണൂർ സെൻട്രൽ ജയിൽ!




കണ്ണൂർ : എംബിഎ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രമായി കണ്ണൂർ സെൻട്രൽ ജയിൽ. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് സെന്റർ തിരഞ്ഞെടുക്കാനുള്ള ലിസ്റ്റിലാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം അനുവദിക്കുന്ന വിചിത്രമായ നിർദേശമുള്ളത്. ജൂണിൽ പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് ആശങ്കയിലായിരിക്കുന്നത്.

83004ഡി എന്ന നമ്പർ സെന്റർ കോഡായി നൽകി പട്ടികയിൽ സെൻട്രൽ ജയിലിന്റെ വിലാസവുമുണ്ട്. മൂന്നാം സെമസ്റ്ററിലെ ആറ് വിഷയവും എഴുതാനുള്ള സെന്ററാണിത്. അതുകൊണ്ടാണ് കൂടുതൽപേർ തിരഞ്ഞെടുത്തത്.

പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത് പണമടച്ച വിദ്യാർഥികൾ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. സർവകലാശാലയുടെ വടകര മേഖലാകേന്ദ്രത്തിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ നിർമലഗിരി കോളേജിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഇത്തവണത്തെ ലിസ്റ്റിൽ കോളേജ് ഉൾപ്പെട്ടിരുന്നില്ല. ഇതിന് പകരമാണ് സെൻട്രൽ ജയിൽ ഇടംപിടിച്ചത്.

കണ്ണൂരിൽ തോട്ടട എസ്എൻ കോളേജ്, വീർപ്പാട് ശ്രീനാരായണഗുരു കോളേജ്, മുട്ടന്നൂർ കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ആലക്കോട് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, തിരുവട്ടൂർ എംഎം നോളജ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയാണ് മറ്റു സെന്ററുകൾ.

രണ്ടുദിവസമായി സെൻട്രൽ ജയിലിൽ വിദ്യാർഥികളുടെ ഫോൺവിളികൾ വന്നുകൊണ്ടിരിക്കുകയാണെന്ന് ജയിലധികൃതർ പറഞ്ഞു. ജയിലധികൃതർ വടകരയിലെ മേഖലാകേന്ദ്രത്തിൽ ബന്ധപ്പെട്ടപ്പോൾ സെന്റർ മാറ്റിനൽകാൻ അവസരം നൽകുമെന്ന് പറഞ്ഞു.
Previous Post Next Post