പി സി ജോർജിന്റെ ലവ് ജിഹാദ് പ്രസംഗത്തിൽ കേസെടുത്തേക്കില്ലെന്ന് പൊലീസിന് നിയമപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം.
മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസിൽ റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്.