തൃശൂരിൽ വൻ മോഷണം: ലക്ഷങ്ങൾ വിലയുള്ള ഫോണുകളടക്കം ചാക്കിലാക്കി



തൃശൂര്‍ തലോരില്‍ മൊബൈല്‍ ഷോപ്പില്‍ കാല്‍ കോടി രൂപയുടെ കവര്‍ച്ച. തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്‌ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് കവര്‍ന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മൊബൈല്‍ ഷോപ്പിന്‍റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ചശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയത്. മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്‌ടോപ്പുകളും ടാബ്ലെറ്റുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

Previous Post Next Post