താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ കേരള പൊലീസ് ഒരു പുല്ലും ചെയ്തില്ലെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിങ് അല്ലാതെ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല. അതിലപ്പുറം പൊലീസിന്‍റെ യാതൊരു അന്വേഷണ മികവും ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസിൽ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസിൽ ആരും കേരള പൊലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ഇത്ര അൺ പ്രഫഷനൽ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്.പിക്ക് പട്ടും വളയും നൽകി ആദരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ, കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പൊലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം.
എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നത്? പാലാരിവട്ടംകാരനായ ഒരാളുടെ സലൂണ്‍ ആണിത്. അറിഞ്ഞ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തയാറാണ്. മാധ്യമങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. ഒന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.