മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്‍




മലപ്പുറം: മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.

അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കിഴിശ്ശേരി അങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാള്‍ കിടക്കുന്നത് കണ്ടത്. പിന്നാലെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് വാഹനാപകടമല്ലെന്ന് പൊലീസിന് സംശയം തോന്നിയത്.

മരിച്ച അഹദുലും പ്രതി ഗുല്‍സാറുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ വഴക്കുമുണ്ടായി. അതിനുശേഷം അഹദുല്‍ നടന്നുപോകവെ പ്രതി ഗുഡ്‌സ് ഓട്ടോയുമായി പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ ഗുല്‍സാര്‍ ഹുസൈനെ പുലര്‍ച്ചെയോടെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടുന്നത്.
Previous Post Next Post