കൈതപ്രം കൊലപാതകം: രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത്



കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ്  പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. ഈ തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി.

തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കാനാണ് കത്തി കയ്യിൽ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നൽകി. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ വെടിയുതിർത്തു. ഇന്നലെ രാവിലെ രാധാകൃഷ്ണന്‍റെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് പൊലീസിന് മൊഴി നൽകി. 

Previous Post Next Post