പുതിയനേതൃത്വം വന്നതുകൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ല..ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും അതൊരു ക്ലറിക്കൽ പോസ്റ്റായിരിക്കും..




പുതിയനേതൃത്വം വന്നതുകൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സാധാരണക്കാരായ ഒരുപാട് പ്രവർത്തകരെ വഞ്ചിച്ചും പറ്റിച്ചും അവരെ തൊഴിലാളി പോലെ കണക്കാക്കുന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും അതൊരു ക്ലറിക്കൽ പോസ്റ്റായിരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

 ‘നേതൃത്വം പറയുന്ന കാര്യങ്ങൾ നടപ്പാക്കി കണക്കുകൊടുക്കുക എന്നതിനപ്പുറം കേരളത്തിലെ ദൈനംദിന രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനോ അഭിപ്രായം പറയാനോ അവർക്ക് സമയവും കഴിവുമില്ല. കേരളത്തിലെ സുപ്രധാന കാര്യങ്ങളിൽ ബിജെപി അഭിപ്രായം പറയാറില്ല. പറയുന്ന അഭിപ്രായങ്ങൾ പലപ്പോഴും കേന്ദ്രം വിലക്കാറാണ് പതിവ്. പ്രത്യേകിച്ച് ഒരു അത്ഭുതവും കേരള ബിജെപിയിൽ സംഭവിക്കാൻ പോകുന്നില്ല. വർഗീയ നിലപാടുകൾ കേരളത്തിൽ ആവർത്തിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം’. അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.




Previous Post Next Post