മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. നഗരത്തിൽ അനധികൃതമായി ഇരുപതു ഫ്ളക്സ് ബോർഡുകളും രണ്ടായിരത്തി അഞ്ഞൂറു കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങൾക്കു മുൻപ് പിഴ നോട്ടീസ് നൽകിയത്.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിന് സർക്കാർ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
നിയമ വിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തിൽ ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ഇവർ ചെയ്യുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. സംസ്ഥാനത്ത് നിയമ വാഴ്ച ഇല്ലെന്ന് സർക്കാർ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു.