തലമുറമാറ്റത്തിന് സിപിഎം, പോളിറ്റ് ബ്യൂറോയില്‍ പുതുമുഖങ്ങൾ എത്തും




തിരുവനന്തപുരം: പ്രായപരിധിയുള്‍പ്പെടെ കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി 24-മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുമ്പോള്‍ സിപിഎമ്മില്‍ തലമുറമാറ്റം തന്നെയുണ്ടാകുമെന്ന് സൂചനകള്‍. സിപിഎമ്മിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ പകുതിയോളം പേര്‍ ഇത്തവണ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ പിബിയില്‍ ഇടം പിടിക്കും.

സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി പ്രായപരിധി നിബന്ധന മൂലം പുറത്താകുന്നവര്‍ എന്നിവര്‍ക്ക് പകരമായി 17 അംഗ പി ബിയില്‍ എട്ട് പുതുമുഖങ്ങള്‍ ഇത്തവണ ഇടം പിടിച്ചേക്കും. ഇതില്‍ ചിലര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കിയാലും അഴിച്ചുപണി ബൃഹത്താകുമെന്നാണ് സൂചനകള്‍.

യെച്ചൂരിയുടെ മരണത്തിന് ശേഷം പി ബി കോഡിനേറ്റര്‍ പദവി വഹിക്കുന്ന പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പശ്ചിമ ബംഗാളില്‍ നിന്നുള്ള സുര്‍ജ്യ കാന്ത മിശ്ര തമിഴ്‌നാട്ടില്‍ നിന്നുള്ള ജി രാമകൃഷ്ണന്‍ എന്നിവരാണ് പ്രായപരിധി പിന്നിടുന്ന പ്രമുഖ നേതാക്കള്‍.

രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണം എന്ന് കേന്ദ്ര കമ്മിറ്റിയില്‍ നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതുപരിഗണിച്ചാല്‍ പിണറായി വിജയന്‍, ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണന കൂടിയാകുമ്പോള്‍ പിണറായി വിജയന്റെ കാര്യത്തില്‍ ഇക്കാര്യം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരം ക്ഷണിതാവ് എന്ന നിലയിലെങ്കിലും പിണറായി പിബിയില്‍ തുടരും. ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെ വിഷയത്തില്‍ പ്രായ പരിധി ഇളവുണ്ടാകുമെന്ന് കരുതുന്നില്ല. പ്രകാശ് കാരാട്ടും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ സെക്രട്ടറി പുതുമുഖം

സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയിലിരിക്കെ അന്തരിച്ച സിതാറാം യെച്ചൂരിയുടെ പിന്‍ഗാമിയാര് ? ഒരു പുതുമുഖമായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി എന്നാണ് സൂചനകള്‍. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ബി വി രാഘവലു, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളിലുള്ളത്. കിസാന്‍ സഭ നേതാവ് അശോക് ധാവാലെയുടെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍.

അതേസമയം, മുതിര്‍ന്ന വനിതാ അംഗം ബൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് താത്പര്യമുണ്ട്. 'യെച്ചൂരിയുടെ മരണശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റൊരാള്‍ക്ക് പൂര്‍ണ ചുമതല നല്‍കുന്നത് തെറ്റായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. അതിനാലാണ് പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്' എന്ന് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറയുന്നു.

സിപിഎം പോളിറ്റ് ബ്യൂറോയില്‍ പുനഃസംഘടന നടപ്പാക്കുന്നതോടെ പുതിയ നേതാക്കളുടെ ഒരു നിര തന്നെ ഉയരാന്‍ ഇടയുണ്ട്. മാനദണ്ഡങ്ങള്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്ക് പകരം എഐഡിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി മറിയം ധവാലെ, സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ പുതിയ പട്ടികയില്‍ സജീവമാണ്.
Previous Post Next Post