ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് മൂന്ന് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകാൻ തീരുമാനമായി


തിരുവിതാംകൂർ ദേവസ്വം ബോർഡ് അഞ്ചു ലക്ഷം രൂപ നൽകി ശബരിമല റിലീഫ് ഫണ്ട് രൂപീകരിക്കും. കൂടാതെ റിലീഫ് ഫണ്ടിലേക്ക് സ്‌പോൺസർഷിപ്പിലൂടെ പണമെത്തിക്കാനും പരിഗണനയിലുണ്ട്.

അതേസമയം വെർച്വൽ ക്യൂ ബുക്കിംഗിന് അഞ്ചു രൂപ ഫീസ് ഈടാക്കും. ഈ പണം റിലീഫ് ഫണ്ടിലേക്ക് മാറ്റാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. എരുമേലി മുതൽ കാനനപാത വഴി സന്നിധാനം, എരുമേലി കണമല – നിലയ്ക്കൽ – സന്നിധാനം, നിലയ്ക്കൽ – പമ്പ – സന്നിധാനം,​ വണ്ടിപ്പെരിയാർ – സത്രം – പുൽമേട് സന്നിധാനം പാതകളിലും കാനന പാതയിലുമുണ്ടാകുന്ന എല്ലാ മരണങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.

അഞ്ച് ലക്ഷം അപകട ഇൻഷ്വറൻസ് മാത്രമാണ് ഇപ്പോഴുള്ളത്. ശബരിമലയിലും സേഫ് സോണുകളിലുമുണ്ടാകുന്ന അപകട മരണങ്ങൾക്കേ ഇത് ലഭിക്കൂ. കഴിഞ്ഞ തീർത്ഥാടന കാലത്ത് 37 തീർത്ഥാടകരാണ് പലവിധ കാരണങ്ങളാൽ മരിച്ചത്. ഇതിൽ 30 ശതമാനം പേർക്കു മാത്രമാണ് ഇൻഷ്വറൻസ് ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് ഹൃദയാഘാതമുൾപ്പടെയുള്ള ശാരീരിക പ്രശ്നങ്ങൾ മൂലം മരിക്കുന്നവർക്കും പരിരക്ഷ ഏർപ്പെടുത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ പറഞ്ഞു. നിലവിലുള്ള പരിരക്ഷ തുടരും. ഏതെങ്കിലും ഒരു കവറേജ് മാത്രമാണ് ലഭിക്കുക. അടുത്ത തീർത്ഥാടനത്തിന് മുമ്പു പദ്ധതി നടപ്പിലാക്കും.
Previous Post Next Post