ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി

 
കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു.

താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന ജനവാസ മേഖലയിലുണ്ട്. ആനയ്ക്ക് വിദ​ഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു.

താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍‌ വ്യക്തതയില്ല. അതേ സമയം മുറിവിന്‍റെ ആഴവും അറിയാന്‍ സാധിച്ചിട്ടില്ല.

അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചൊവ്വാഴ്ച ഇരിട്ടിയിലിറങ്ങിയ കാട്ടാന ബുധനാഴ്ച രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്.
Previous Post Next Post