പാലാ ഉള്ളനാട് ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്നായി ദുരുപയോഗം ചെയ്തുവരുന്ന മെഫൻടെർമൈൻ സൾഫേറ്റ് ശേഖരം പിടികൂടി.


 പാലാ എക്സൈസ് റേഞ്ച് ടീം ഉള്ളനാട് ഭാഗത്തു നടത്തിയ റെയിഡിൽ കൊറിയർ മുഖാന്തരം എത്തിച്ച  മെഫൻടെർമൈൻ സൾഫേറ്റിന്റെ 300 വയലുകൾ പിടികൂടി. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾക്ക് ബദലായി ഞരമ്പുകളിൽ ഇഞ്ചക്ട് ചെയ്താണ് ഇത് ഉപയോഗിക്കുന്നത്. പാലാ എക്സൈസ് റേഞ്ചിന്റെ പരിധിയിൽ വ്യാപകമായി ലഹരിക്കായി ഇത് ഉപയോഗിച്ച് വരുന്നതായി എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റെയിഞ്ച് ടീം നടത്തിയ അന്വേഷണത്തിലാണ് ഉള്ളനാട് സ്വദേശിയായ കണ്ണൻ എന്ന ജിതിൻ ജോസ് എന്നയാളാണ് ഇതിന്റെ  വിതരണം നടത്തുന്നത് എന്ന് കണ്ടെത്തിയത്. ഹൃദയ ശസ്ത്രക്രിയ  സമയത്ത് ബ്ലഡ് പ്രഷർ താഴ്ന്നു പോകാതിരിക്കാൻ നൽകുന്ന മരുന്നാണ്  വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നത്.140 രൂപയ്ക്ക് വരുന്ന മെഫൻടെർമൈൻ 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. ഞരമ്പുകളിൽ ഇഞ്ചക്ട് ചെയ്യുന്നതിനാൽ എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങളും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് ഇത് കാരണമായേക്കാം. പിടിച്ചെടുത്ത മെഫൻടെർമൈൻ ഡ്രഗ്സ് ഡിപ്പാർട്ട്മെന്റിന് കൈമാറി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് സെക്ഷൻ 18(1) &27 (b)(2) പ്രകാരം മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഈ കേസിൽ പ്രതിക്ക് ലഭിച്ചേക്കാം.

റെയ്ഡിൽ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഡ്രഗ് ഇൻസ്പെക്ടർമാരായ ബബിതാ കെ വാഴയിൽ, താരാ എസ് പിള്ള, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, പ്രിവന്റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, അക്ഷയ് കുമാർ എം, വനിത സിവിൽ എക്സൈസ് ഓഫീസർ  സുജാത സി ബി, സിവിൽ എക്സൈസ് ഡ്രൈവർ സുരേഷ് ബാബു വി ആർ എന്നിവർ പങ്കെടുത്തു.
Previous Post Next Post