ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് തുടര്‍ക്കഥയാകുന്നു. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്. എക്കണോമിക്സ് ചോദ്യപേപ്പറില്‍ ‘കുറയുന്നു’ എന്നത് ‘കരയുന്നു’ എന്നാണ് എഴുതിയത്.സുവോളജിയില്‍ ‘ആറു ക്ലാസുകള്‍’ എന്നത് ‘അറു ക്ലാസുകള്‍’ എന്നും കെമസ്ട്രി ചോദ്യപേപ്പറില്‍ ‘എളുപ്പത്തില്‍’ എന്നത് ‘എളുപ്പുത്തിലായി’എന്നും എഴുതിയിട്ടുണ്ട്. ബോട്ടണി ചോദ്യപേപ്പറിലും സമാനമായ രീതിയിൽ അക്ഷരത്തെറ്റുണ്ട്. ‘അവായുശ്വസനം’ എന്നതിന് പകരം ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ 2 അക്കം എന്ന് പറയേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് കൊടുത്തിരിക്കുന്നത്.
പ്രൂഫ് റീഡിംഗില്‍ വന്ന പിശകാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ് മനസ്സിലാവുന്നത്. സാധാരണഗതിയില്‍ ചോദ്യപേപ്പർ പ്രിന്‍റ് എടുത്ത് അക്ഷരത്തെറ്റ് തിരുത്തിപ്പോകുന്നതാണ് രീതി. എന്നാണ് ഇത്തവണ മൊബെെലില്‍ കോപ്പി അയച്ച് കൊടുക്കുകയും വായിക്കുകയുമാണ് ചെയ്തത്. ഇതാവാം വ്യാപക അക്ഷരത്തെറ്റിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ നിരവധി അക്ഷരതെറ്റുകള്‍ കണ്ടെത്തിയിരുന്നു. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. അക്ഷരത്തെറ്റിന് പുറമേ വ്യാകരണതെറ്റുകളുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിച്ചു.