പേവിഷബാധയേറ്റ പശുവിന്‍റെ പാൽ കുടിച്ച വീട്ടമ്മ മരിച്ചു

ന്യൂഡൽഹി: പേവിഷബാധയേറ്റ പശുവിന്‍റെ പാൽ കുടിച്ച വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡയ്ക്കു സമീപം ഗ്രാമപ്രദേശത്ത് പശുക്കർഷകരുടെ കുടുംബത്തിലെ സ്ത്രീയാണു മരിച്ചത്. രണ്ടു മാസം മുൻപാണ് ഇവരുടെ പശു പ്രസവിച്ചത്. സ്വന്തം വീട്ടിലേക്കും സമീപത്തെ വീടുകളിലേക്കും ഇവർ പാൽ കൊടുത്തിരുന്നു. എന്നാൽ, അടുത്തിടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് ഇവരുടെ പശു ചത്തു. ഇതോടെ, പാൽ വാങ്ങിയിരുന്ന പത്തോളം പേർ പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. എന്നാൽ, പശുവിനെ വളർത്തിയിരുന്ന വീട്ടമ്മ കുത്തിവയ്പ്പെടുത്തില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഇവർ വെള്ളത്തോടും വെളിച്ചത്തോടും പേടി കാണിച്ചതോടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ആശുപത്രി അധികൃതർ. വീട്ടിലെത്തി അധികം വൈകാതെ ഇവർ മരിച്ചു.

വീട്ടമ്മയുടെ മരണം ഇതേ പശുവിന്‍റെ പാൽ ഉപയോഗിച്ചവരിൽ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പാലിലൂടെ പേവിഷ വൈറസ് പകരാനുള്ള സാധ്യതകൾ അപൂർവമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. പേവിഷം ബാധിച്ച മൃഗങ്ങൾ കടിക്കുകയോ അവയുടെ നഖം കൊണ്ടു മുറിയുകയോ ചെയ്താലാണു സാധാരണയായി വൈറസ് ബാധിക്കുന്നത്. പാൽ ശരിയായ വിധത്തിൽ പാസ്ചുറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്താൽ വൈറസ് നശിക്കുമെന്നും ഉപയോഗത്തിനു സുരക്ഷിതമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. കറന്നെടുത്ത പാൽ നേരിട്ട് ഉപയോഗിച്ചാൽ മാത്രമാണ് വൈറസ് പകരാനുള്ള സാധ്യതയെന്നും ഇവർ.
Previous Post Next Post