മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി...




മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ജാർഖണ്ഡിലെ ഗിരിദ് ജില്ലയിലാണ് സംഭവം. അഫ്രീൻ പർവീൻ (12), സൈബ നാസ് (8), ‌‌സഫാൽ അൻസാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗൾ അൻസാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

സനൗൾ ഒരു കൽപ്പണിക്കാരനായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് സനൗളിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപ് അവർ ജംദ ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. “എല്ലാവിവരങ്ങളും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സനൗളിന്റെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും”, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടിൽ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയൽവാസികളാണ് വിവരം ആദ്യം അറിഞ്ഞത്. വാതിൽ തുറന്നു നോക്കിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു ഖോഖര പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
Previous Post Next Post