
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാന്‍ പൊലീസ്. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കി. വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ പരീക്ഷ നടത്തിയാല്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
കേസിലെ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ താമരശ്ശേരിയില്‍ പരീക്ഷയ്‌ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുത്തിക്കരുത് എന്ന ആവശ്യവുമായി എംഎസ്എഫും രംഗത്തെത്തി. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്ന ആരോപണവുമായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ രംഗത്തെത്തിയിരുന്നു. മുന്‍പ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഇതേ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചിട്ടുണ്ട്. തന്റെ മകനെ കൊലപ്പെടുത്തിയ കേസിലും അവര്‍ രക്ഷപ്പെടുമെന്ന് ഭയപ്പെടുന്നതായും പിതാവ് പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മകനും തന്റെ മകനെ കൊലപ്പെടുത്തിയ കൂട്ടത്തിലുണ്ട്. അവന് പക്കാ ക്രിമിനല്‍ മൈന്‍ഡാണ്. എന്തും ചെയ്യാം എന്ന സ്‌റ്റേജിലേക്കാണ് അവന്‍ പോകുന്നതെന്നും പിതാവ് പറഞ്ഞിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നും അങ്ങനെ ചെയ്താല്‍ മറ്റ് കുട്ടികള്‍ക്ക് അത് പ്രചോദനമാകുമെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞിരുന്നു.