മാർച്ച് 5-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം എഐ റഡാറുകൾ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ, അത്തരം നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ, ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി തുടങ്ങിയ വിവരങ്ങൾ ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
ദുബായ് പോലീസ് ആസ്ഥാനത്തെ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലായിരുന്നു ഈ വിവരങ്ങൾ പങ്ക് വെച്ചത്. എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് അപകടങ്ങൾ കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. ദുബായിൽ എഐ റഡാറുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരങ്ങളാണ് പോലീസ് പങ്ക് വെച്ചിരിക്കുന്നത്.
പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ എൺപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 3000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.
പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അറുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 20 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.
പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 1000 ദിർഹം, നാല്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 700 ദിർഹം, മുപ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം, ഇരുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 300 ദിർഹം എന്നീ രീതിയിൽ പിഴ ചുമത്തുന്നതാണ്.
ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നവർക്ക് 1000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.
നിശ്ചിത ലെയിനുകളിൽ വാഹനമോടിക്കാതെ ലെയിൻ ട്രാഫിക് ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.
ലെയിൻ ട്രാഫിക് ലംഘിക്കുന്ന വലിയ വാഹനങ്ങൾക്ക് 1500 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
റോഡിൽ ട്രാഫിക്കിനെതിരായി, തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 7 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.
സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
നിയമപരമല്ലാത്ത രീതിയിൽ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് പതിപ്പിക്കുന്നവർക്ക് 1500 ദിർഹം പിഴ ചുമത്തുന്നതാണ്.
മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
അമിതമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.
കാൽനടയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിൽ ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
അനുവദനീയമല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ യു-ടേൺ എടുക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
കാലാവധി അവസാനിച്ച ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
മതിയായ കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.
പ്രവേശനാനുമതിയില്ലാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുന്നതാണ്.
മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവാർ, ട്രാഫിക് ടെക്‌നോളജീസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ എഞ്ചിനീയർ മുഹമ്മദ് അലി കരാം, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.