മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം കൊളത്തൂർ കുരുവമ്പലത്താണ് സംഭവം. പ്രതി അബ്ദുൾ ജലാൽ (46) നെ ബന്ധുവീട്ടിൽ നിന്നും ബുധനാഴ്ച പുലർച്ചയോടെയാണ് പിടികൂടിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി താൻ വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് കാണിക്കാനായി വാട്സാപ്പ് സ്റ്റാറ്റസ് ഇടുകയും സുഹൃത്തുകൾക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.
മാർച്ച് 7ന് രാത്രിയായിരുന്നു മുൻവൈരാഗ‍്യത്താൽ കുരുവൻപലത്തുള്ള വീട്ടിൽ മഹീന്ദ്ര ഥാർ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ചത്. തുടരന്വേഷണത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.