നാടിന്റെ ഒളിമ്പിക്സിന് സൗത്ത് പാമ്പാടിയിൽ തുടക്കമായി



സൗത്ത് പാമ്പാടി- നാടൻ പന്തുകളിയുടെ പൂർവ്വ സൂരികളായ ചുണ്ട മണ്ണിൽ ഈപ്പൻ, പയ്യമ്പള്ളി അച്ചോയി, ഇല്ലത്തുമറ്റം ദാമോദരൻ, വട്ടക്കുന്നേൽ ദാവീദ്, കരി യത്രക്കാവിൽ ജോർജ് തുടങ്ങിയവരുടെ നാട്ടിൽ ഒരു നാടൻ പന്തുകളി ടൂർണമെന്റിന്  കൂടി തുടക്കമായി. കുറ്റിക്കൽ നേറ്റീവ് ബോൾ ക്ലബ്ബ് പ്രസിഡന്റ് ജിജി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന   സമ്മേളനം ഒരു കാലഘട്ടത്തിലെ നല്ല കളിക്കാരെ എല്ലാം വാർത്തെടുക്കുവാൻ 18 വയസ്സിൽ താഴെയുള്ളവർക്കായി നാടൻ പന്തുകളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരുന്ന പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ടും ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജരുമായ   അഡ്വ. സിജു.കെ ഐസക്ക് ഉദ്ഘാടനം ചെയ്തു. കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് സന്ദീപ് കെ. എസ്, സെക്രട്ടറി ബബിലു പി. ആർ, ക്ലബ്ബ് സെക്രട്ടറി  ജോൺസൺ ജോസ്, മാത്യു ഐസക്, ജദീഷ്  കെ എബ്രഹാം, ശരത് എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ഡോ. ഐസക്ക്‌ പാമ്പാടി ആദ്യ പന്തു വെട്ടി. ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ പ്രധാന 24 ടീമുകൾ പങ്കെടുക്കുന്നുണ്ട്. അഞ്ചു വരയും കുറഞ്ഞത്  രണ്ടുമണിക്കൂറും നീണ്ടുനിൽക്കുന്ന കളികൾ സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3. 30ന് ആരംഭിക്കും. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും മൂലശേരി ഫീലിപ്പോസ് ഉമ്മൻ  മെമ്മോറിയൽ എവർറോളിംഗ്  ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ ക്യാഷ് അവാർഡും പച്ചിലക്കാട്ട് പി.ഇ ഉലഹന്നാൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. മികച്ച കളിക്കാരൻ, കാലടിക്കാരൻ, പൊക്കി വെട്ടുകാരൻ, പിടുത്തക്കാരൻ, കൈവെട്ടുകാരൻ, നവാഗത പ്രതിഭ  എന്നിവർക്ക് പ്രത്യേക അവാർഡുകൾ ഉണ്ട്. തമിഴ്നാട്ടുകാർക്ക് ജെല്ലിക്കെട്ടു പോലെയാണ് കോട്ടയംകാർക്ക് നാടൻ പന്തുകളി. നാടൻ പന്തുകളിയെ മഹാത്മാഗാന്ധി  യൂണിവേഴ്സിറ്റിയിലെങ്കിലും ഗെയിംസിനത്തിൽ പെടുത്തണമെന്നും, സ്പോർട് കൗൺസിൽ അംഗീകരിക്കണമെന്നും ആയതിനു വേണ്ട നടപടികൾക്ക് കോട്ടയം ജില്ലയിൽ നിന്നുമുള്ള ജനപ്രതിനിധികൾ നടപടികൾ സ്വീകരിക്കണമെന്നും മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ  സിജൂ കെ ഐസക്ക് ആവശ്യപ്പെട്ടു.
Previous Post Next Post