സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടി; നാലം​ഗ സംഘം അറസ്റ്റിൽ



കൊച്ചി: തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ നാലം​ഗ സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകക്കെടുത്ത് സ്വർണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണത്തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചുവച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസ്സിലേക്ക് സാമ്പിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന പ്രതികളിലൊരാൾ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ആദ്യം വാങ്ങിയ സാമ്പിൾ മണ്ണിൽ നിന്നും പ്രൊസസിങ് ചെയ്ത് സ്വർണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി 5 ടൺ മണ്ണ് വാങ്ങുകയായിരുന്നു.

Previous Post Next Post