കോൺഗ്രസിലേക്ക് അടുക്കുന്ന സുരേഷ് കുറുപ്പ്; ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി…?





കോട്ടയം :സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് മുൻ എം പി സുരേഷ് കുറുപ്പ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സമ്മേളനത്തോടും മുഖം തിരിച്ചുള്ള സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. പാമ്പാടിയിൽ നടന്ന  കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്. സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയെന്നതാണ് ഏറെ ചർച്ചയായത്. 



എട്ടാം തീയതി ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം 9നാണ് മടങ്ങിയത്. സിപിഎം സമ്മേളനത്തെ പറ്റി ഒരക്ഷരം പോലും അദ്ദേഹം പ്രതികരിച്ചില്ല.
ഇക്കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ നിന്നും സുരേഷ് കുറുപ്പിനെ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കാം ഒഴിവാക്കിയിരുന്നു. പാമ്പാടിയിൽ നടന്ന സമ്മേളനത്തിൽ ഇത്തരമൊരു തീരുമാനം ഉണ്ടായതിൽ അദ്ദേഹം അസ്വസ്ഥനുമായിരുന്നു. സമകാലീനർ ജില്ലാ കമ്മിറ്റിയിൽ എത്തിയപ്പോൾ സുരേഷ് കുറുപ്പിനെ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത്.
അതിനുശേഷം തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ നിന്നും അദ്ദേഹം മാറിനിന്നു. ആദ്യകാല നേതാക്കളുടെ സംഗമത്തിൽ നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. പിന്നാലെ സിപിഎം സംസ്ഥാന സമ്മേളന പതാക ജാഥയോടും മുഖം തിരിച്ചു. ഏറ്റുമാനൂർ വഴി കടന്നുപോയ ജാഥയുടെ ഒരു സ്വീകരണ യോഗത്തിൽ പോലും അദ്ദേഹം പങ്കെടുത്തില്ല.
സാധാരണ സിപിഎം സമ്മേളനത്തിന്റെ സമാപന സമ്മേളനങ്ങളിൽ മുൻകാല നേതാക്കളും ജനപ്രതിനിധികളും ഒക്കെ പങ്കെടുക്കാറുണ്ട്. കീഴ്വഴക്കം അല്ലെങ്കിലും മുൻകാല പ്രവർത്തകരെയും നേതാക്കളെയും ഒക്കെ കണ്ട് പരിചയം പുതുക്കാനുള്ള വഴി എന്ന നിലയിൽ മിക്ക നേതാക്കളും സമ്മേളനത്തിൽ എത്താറുമുണ്ട്. എന്നാൽ സുരേഷ് കുറുപ്പ് സമ്മേളനത്തോട് വിമുഖത കാട്ടി എന്നത് മാത്രമല്ല, മറിച്ച് ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്നു. സുരേഷ് കുറുപ്പിന്റെ ഈ നടപടിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. ആലപ്പുഴയിൽ നിന്നും നേരത്തെ വിജയിച്ച ഡോ. കെ എസ് മനോജിന്റെ പാതയിലാണോ കുറുപ്പിന്റെ സഞ്ചാരം എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.


രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ സഹതാപ തരംഗം ഉണ്ടായിട്ടും കേരളത്തിൽ നിന്നും വിജയിച്ച ഏക ഇടതുപക്ഷ നേതാവ് സുരേഷ് കുറുപ്പ് ആയിരുന്നു. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കോട്ടയം മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്ന നേതാവ് കൂടിയാണ് സുരേഷ് കുറുപ്പ്. വളരെ സൗമ്യനും ജനകീയനുമായ നേതാവ് കൂടിയാണ് അദ്ദേഹം. ഇതിനിടയിൽ അദ്ദേഹം കോൺഗ്രസിലേക്ക് എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നേതാക്കളുമായി അദ്ദേഹം തുടങ്ങിയതായും അറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാനാണ് നേതാക്കൾ ആലോചിക്കുന്നത്. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോട്ടയത്ത് പാർട്ടിക്കുള്ളിൽ പ്രതിസന്ധിയാണ്. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള സുരേഷ് കുറുപ്പിനെ ഒരു നേതാവിനെ മുന്നിൽ നിർത്തിയാൽ കോട്ടയത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പാർട്ടിക്ക് കഴിയുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ അദ്ദേഹത്തെ പരിഗണിക്കുന്നതായും അറിയുന്നു. ഏറ്റുമാനൂരിൽ കഴിഞ്ഞതവണ വി എൻ വാസവൻ 14303 വോട്ടിനാണ് ജയിച്ചുകയറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് 43976 വോട്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ 13,747 വോട്ടും സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് 7624 വോട്ടും നേടിയിരുന്നു. യുഡിഎഫിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി 2021ൽ പോരുമുറുകിയിരുന്നു. കേരള കോൺഗ്രസിനു വിട്ടുനൽകിയ സീറ്റിൽ പ്രിൻസ് ലൂക്കോസിനെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ ലതിക സുഭാഷ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്തതും സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. ലതികയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ദോഷമായി ഭവിക്കുകയും ചെയ്തു. അതേസമയം, സുരേഷ് കുറുപ്പ് കോൺഗ്രസിലേക്ക് എത്തി ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായാൽ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയം നേടുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിലുള്ള കോൺഗ്രസിന്റെ അടിസ്ഥാന വോട്ടുകളും സുരേഷ് കുറുപ്പിന്റെ സ്വീകാര്യതയും സർക്കാരിനെതിരെയുള്ള ജനവിരുദ്ധതയും അതേപോലെ പ്രവർത്തിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കുവാൻ കഴിയുമെന്ന് തന്നെയാണ് നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അപ്പോഴും നിലവിൽ കേരള കോൺഗ്രസിന്റെ കൈവശമുള്ള സീറ്റ് എങ്ങനെ കോൺഗ്രസ് ഏറ്റെടുക്കും എന്നതിലാണ് ആശങ്ക. കോൺഗ്രസ് തന്നെ അവിടെ വീണ്ടും മത്സരിച്ചാൽ യാതൊരുവിധ വിജയസാധ്യതയും ഇല്ല. കോൺഗ്രസുകാർ പോലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുവാൻ സാധ്യതയില്ല. ഏറെക്കുറെ മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് അറിയുന്നത്. സുരേഷ് കുറുപ്പ് ഏതെങ്കിലും തരത്തിൽ കോൺഗ്രസിലേക്ക് വന്നാൽ കോട്ടയത്തെ സിപിഎമ്മിന് ഇതിലും വലിയ തിരിച്ചടി വേറെ കിട്ടാനില്ല.
Previous Post Next Post