
മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകാക്കണമെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നാക്ക് പൊങ്ങുന്നില്ല. ഇൻഡ്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കെ സുധാകരൻ വിമർശിച്ചു.
ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായതെന്നും കെ സുധാകരൻ പറഞ്ഞു. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ സിപിഐഎമ്മിനെ മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഐഎം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. ലാവ്‌ലിന്‍ ഉള്‍പ്പെടെ എല്ലാ അഴിമതിക്കേസുകളിലും ബിജെപിയുമായി ധാരണയുണ്ടാക്കി. ഇൻഡ്യാ സഖ്യത്തിനെതിരെ ബിജെപിയുടെ അഞ്ചാംപത്തിയായി പിണറായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമെന്നായിരുന്നു ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം.. ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ‘ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിന് തടസ്സം കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍’, എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.