കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ CPIM ഗാനവും കൊടിയും; അംഗീകരിക്കാൻ കഴിയില്ല... വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്…





കൊല്ലം :  കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ഗാനവും കൊടിയും ഉപയോഗിച്ചതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകും.ദേവസ്വത്തിന് രാഷ്ട്രീയമില്ല.കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ട്. ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് വിപ്ലവഗാനങ്ങൾ ആലപിച്ചത്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്നാണ് വിമര്‍ശനം. സമൂഹമാധ്യമത്തിൽ ബിജെപി അനുകൂല പേജുകളില്‍ പ്രതിഷേധം ശക്തം. വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.വ്യാപാരി വ്യവസായി സമിതിയാണ് സംഗീത പരിപാടി വഴിപാടായി സമര്‍പ്പിച്ചത്.
Previous Post Next Post