ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം…മെയ് 1 മുതല്‍ കിടിലന്‍ മേക്ക് ഓവറില്‍ ‘കേരള സവാരി’ ആപ്




സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപായ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. മെയ് 1 മുതല്‍ പുതിയ രൂപത്തില്‍ ആപ് ലഭ്യമാകും. ബെംഗളൂരുവിന്റെ ജനപ്രിയ ആപ്പ് ‘നമ്മ യാത്രി’ യുടെ പിന്തുണയോടെയാണ് ‘കേരള സവാരി’ വരുന്നത്.

പുതിയ രൂപത്തിലും മികച്ച മാനേജ്‌മെന്റ് സംവിധാനത്തിലുമാണ് കേരള സവാരിയുടെ പുതിയ പതിപ്പ് എത്തുക. മെയ് 1 ന് പ്രവര്‍ത്തന ക്ഷമമാകുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയുള്ള ആപ് തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. മറ്റ് പ്രധാന നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് ആലോചന. പുതിയ രൂപത്തിലുള്ള ആപ് ഓപണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

ഡ്രൈവര്‍മാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഈ മോഡല്‍ സഹായിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ട്രേഡ് യൂണിയനുകളുടേയും പിന്തുണയും ഉണ്ട്. ആപ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ നിരക്കുകള്‍ മാത്രമേ ഈടാക്കൂവെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്രൈവര്‍മാരില്‍ നിന്ന് ഒരു കമ്മീഷനും ഈടാക്കുകയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ ആപ് ഉപയോഗിച്ച് കൊച്ചി മെട്രോ ടിക്കറ്റുകളും ആഡംബര ബസുകളും ബുക്ക് ചെയ്യാം. മെട്രോ ആപുകളോ റെഡ് ബസ് ആപുകളോ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇതിനകം തന്നെ ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 6000ത്തിലധികം ടാക്‌സി ഡ്രൈവര്‍മാരുള്ള യെല്ലോ ക്യാബുകളും ആള്‍ കേരള ഓണ്‍ലൈന്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനും ഈ സംരംഭത്തിന്റെ ഭാഗമാണ്.


2022 ലാണ് കേരള സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ റൈഡ് ഹെയ്‌ലിംഗ് ആപായ കേരള സവാരി ആരംഭിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡാണ് അന്ന് ആപ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ സോഫ്റ്റ് വെയര്‍ തകരാറുകള്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് പുതിയ ആപ് വരുന്നത്. അതും ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍. ഹൈദരാബാദ്, ഡല്‍ഹി, ബംഗളൂരു, ഒഡീഷ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നമ്മ ആപ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളില്‍ ഡ്രൈവര്‍മാരില്‍ നിന്ന് ഒരു നിശ്ചിത തുക ആപ് ഈടാക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഡ്രൈവര്‍മാരില്‍ നിന്ന് തല്‍ക്കാലം ഫീസൊന്നും ഈടാക്കില്ല.
Previous Post Next Post