ആലപ്പുഴയില്‍ 100 ടൺ ഭാരമുള്ള കൂറ്റൻ ​ഗർഡറുമായെത്തിയ ട്രെയിലർ ലോറി മറിഞ്ഞു…തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്.



ആലപ്പുഴ: നിർമാണത്തിലുള്ള ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻഗർഡറുമായി ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. കാബിന്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ഒരുഭാഗവും തകർന്നു. അപകടസമയത്ത് ഓടിമാറിയ ഒരാൾ തലനാഴിരക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടം. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമിനാണ് (45) പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഡർ മറിഞ്ഞതിന് സമീപത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കനാൽവാർഡ് പുത്തൻപുരയ്ക്കൽ പി കെ നസീറിന്റെ ഓട്ടോയാണ് തകർന്നത്



വീട്ടിലേക്ക് വെള്ളം വാങ്ങാൻ ബൈക്കിലെത്തിയ നസീറിന്റെ ബന്ധു ആറാട്ടുവഴി സ്വദേശി നൗഷാദ് തലനാഴിരക്കാണ് രക്ഷപ്പെട്ടത്. ട്രെയിലർ മറിയുന്നത് കണ്ട് ഓടിമാറുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന രണ്ടാംബൈപാസ് മേൽപാലത്തിന്റെ മൂന്നുംനാലും തൂണുകൾക്കിടയിൽ കൂറ്റൻക്രെയിനുകൾ ഉപയോഗിച്ച് മുകളിൽ സ്ഥാപിക്കാൻ ട്രെയിലറിൽ എത്തിച്ച 100 ടൺ ഭാരമുള്ള കൂറ്റൻഗർഡറാണ് തകർന്നത്. നിർമാണത്തിന്റെ ഭാഗമായി റോഡിൽ നേരത്തെ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബ് തകർന്ന് ടെയിലർ മറിയുകയായിരുന്നു. വലതുഭാഗത്തേക്ക് നിലംപൊത്തിയ ട്രെയിലറിൽനിന്ന് താഴേക്ക് പതിച്ച ഗർഡർ രണ്ടായി തകർന്നു. പിന്നീട് ഗ്യാസ് കട്ടർ ഉപയോഗിച്ച് കൂറ്റർ ഗർഡർ മുറിച്ചുമാറ്റിയാണ് ട്രെയിലർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്

അപകടത്തിനിടെ ട്രെയിലറിന്റെ മുൻവശത്തെയും കാമ്പിന്റെയും ചില്ലുകൾ പൂർണമായും തകർന്നു. വീടുകൾ ഏറെയുള്ള പ്രദേശത്ത് വഴിയാത്രക്കാരടക്കം സഞ്ചരിക്കുന്ന പാതയിൽ ഉഗ്രശബ്ദത്തോടെയാണ് ട്രെയിലറും ഗർഡറും മറിഞ്ഞത്. മാളികമുക്ക് ഭാഗത്തുനിന്ന് പിന്നിലേക്ക് ക്രെയിന്റെ അടുത്തേക്ക് വരുമ്പോൾ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബിൽ കയറി. ഇത് തകർന്ന് നിയന്ത്രണംവിട്ട് വലതുഭാഗത്തേക്ക് ട്രെയിലർ ഉൾപ്പെടെ നിലംപൊത്തുകയായിരുന്നു.നേരത്തെയുണ്ടായിരുന്ന കോൺക്രീറ്റ് കാന വേണ്ടവിധം ഉപയോഗിക്കാതെ അലക്ഷ്യമായി മണ്ണിട്ട് മൂടിയ ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോഴും സ്ലാബിട്ട് മൂടാത്തരീതിയിൽ പ്രദേശത്ത് ഓടകളുണ്ട്. ഇതൊന്നും നോക്കാതെയാണ് വലിയഭാരവാഹനങ്ങൾ നിർമാണസ്ഥലത്ത് എത്തുന്നത്. ഒന്നരമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിർമാണത്തിലിരിക്കുന്ന ബൈപാസിൽ അപകടമുണ്ടാകുന്നത്


Previous Post Next Post