കോട്ടയം:അയർക്കുന്നത്ത് പന്ത്രണ്ടുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വൈക്കം സ്വദേശിയ്ക്ക് നാലു വകുപ്പുകളിലായി 46 വർഷം കഠിന തടവും 30000 രൂപ പിഴയും.
വൈക്കം മേവള്ളൂർ ചെനക്കാലായിൽ വീട്ടിൽ സിജുമോൻ സി.എ (41)യെയാണ് കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാർ വി ശിക്ഷിച്ചത്. പോക്സോ
നിയമത്തിലെ രണ്ട് വകുപ്പുകളിലായി 20 വർഷം വീതവും, മറ്റ് രണ്ടു വകുപ്പുകളായി മൂന്നു വീതം വർഷവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറും മൂന്നും മാസം വീതം തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴ തുക ഇരയായ കുട്ടിയ്ക്ക് നൽകാനും കോടതി വിധിച്ചു.
2023 മാർച്ച് മുതൽ ഒക്ടോബർ വരെയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വീട്ടിൽ നിൽക്കുന്നതിനായി എത്തിയതായിരുന്നു ഇരയാക്കപ്പെട്ട കുട്ടി. തുടർന്ന്, പല തവണയായി പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരു ന്നു. തുടർന്ന് വിവരം പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2024 ജൂലൈയിൽ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഐ.കെ സുഭാഷാണ് കുറ്റപത്രം തയ്യാറാക്കിയത്. വനിതാ എ.എസ്.ഐ റെജി മാത്യുവാണ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാം ഹാജരായി.