സിപിഎമ്മില്‍ തലമുറമാറ്റം. 75 വയസ്സ് കഴിഞ്ഞ നേതാക്കള്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായി. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് ലഭിച്ചു. എണ്‍പതുകാരനായ പിണറായി പിബിയില്‍ തുടരും. 75 വയസ്സ് പിന്നിട്ട പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി . രാമകൃഷ്ണൻ എന്നിവര്‍ പിബിയില്‍നിന്ന് മാറും.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്‍. അരുണ്‍ കുമാറും പിബിയിലേക്ക് എത്തുമെന്നാണ് വിവരം. അരുണ്‍കുമാര്‍ ആന്ധ്രയിൽനിന്നുള്ളയാളാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ യു. വാസുകിയും മറിയം ധാവ്‌ളെയും പോളിറ്റ് ബ്യൂറോയിലെത്തും.
തമിഴ്‌നാട്ടില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമാണ് യു. വാസുകി. മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കെ ബാലകൃഷ്ണൻ (തമിഴ്നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി ( ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാൾ) എന്നിവരാണ് പുതിയ പിബി അംഗങ്ങൾ.
കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രായപരിധി കര്‍ശനമായി നടപ്പാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് ഇളവ് നല്‍കി. ഇത്തവണ പിബിയംഗങ്ങള്‍ക്ക് ഇളവ് പാടില്ലെന്ന് ബംഗാള്‍ ഘടകം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏഴു പേര്‍ ഒഴിയുന്നതില്‍ പിണറായിക്ക് ഇളവ് അനുവദിച്ചു.
സിപിഎം പിബി അംഗങ്ങള്‍
1 എം.എ. ബേബി
2 മുഹമ്മദ് സലിം
3 പിണറായി വിജയന്‍
4 ബി.വി. രാഘവലു
5 തപന്‍ സെന്‍
6 നീലോത്പല്‍ ബസു
7 രാമചന്ദ്ര ഡോം
8 എ. വിജയരാഘവന്‍
9 അശോക് ധാവ്‌ളെ
10 എം.വി. ഗോവിന്ദന്‍
11 യു. വാസുകി
12 വിജു കൃഷ്ണന്‍
13 ആര്‍. അരുണ്‍കുമാര്‍
14 മറിയം ധാവ്‌ളെ
15 ജിതേന്‍ ചൗധരി
16 ശ്രീദീപ് ഭട്ടാചാര്യ
17 അമ്രാ റാം
18 കെ. ബാലകൃഷ്ണന്‍