'20 വര്‍ഷമായി സിനിമ കാണാത്ത' മന്ത്രി സജി ചെറിയാനും എംപുരാന്‍ കാണാനെത്തി...





തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമ കണ്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം കൈരളി തിയേറ്ററിലെത്തിയാണ് മന്ത്രി സിനിമ കണ്ടത്. സിനിമാ കാണാനെത്തുന്നതിന്റെ വീഡിയോയും മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമ ഒരു കലാപ്രവര്‍ത്തനം മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. അത് ഭാവിയില്‍ എങ്ങനെയാകും എന്നതിന്റെ സൂചനയാണ് സിനിമയെ റി എഡിറ്റ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സിനിമയില്‍ 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയതിനോട് യോജിക്കാന്‍ കഴിയില്ല. ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് മന്ത്രി പറഞ്ഞു.

ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത വിധമുള്ള അസഹിഷ്ണുതയും ഭീഷണിയുമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഈ സിനിമയ്ക്ക് എതിരെ ഉണ്ടായത്. ഇവിടെ ഇതിനും മുന്‍പും രാഷ്ട്രീയ കക്ഷികളെ വിമര്‍ശിച്ചു കൊണ്ട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. പല നേതാക്കളെയും നെഗറ്റീവ് ആയി ചിത്രീകരിച്ചിട്ടുണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ അങ്ങേയറ്റം വിമര്‍ശിച്ച് സിനിമകള്‍ ഇറങ്ങിയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല.

ഗുജറാത്ത് കലാപം കാണിക്കുന്നു എന്നതിന്റെ പേരില്‍ എംപുരാനെതിരെ നടത്തുന്ന ഭീഷണി അങ്ങേയറ്റം ഭീരുത്വമാണ്. തന്റേടത്തോടെ ഇത്തരമൊരു സിനിമ എടുത്ത പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും അഭിനന്ദിക്കുകയാണ്. ഇക്കൂട്ടരുടെ ഭീഷണിക്ക് വഴങ്ങി ചിത്രം റീസെന്‍സര്‍ ചെയ്യേണ്ടിയിരുന്നില്ല എന്നാണ് തന്റെ അഭിപ്രായം. ജാതിയും മതവുമല്ല, വര്‍ഗീയചിന്തയ്ക്ക് അതീതമാണ് മനുഷ്യന്‍ എന്ന് സിനിമ കാണിക്കുന്നുണ്ട്.

സിനിമ ഒരു കലാരൂപമാണ്. അതില്‍ സാമൂഹ്യപ്രശ്നങ്ങള്‍ പലതും ഉന്നയിക്കപ്പെടും. സംഘപരിവാര്‍, ബിജെപി നേതാക്കള്‍ സാമാന്യ മര്യാദയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുകയാണ്. പൃഥ്വിരാജിന്റെ കുടുംബത്തിന് നേരെ വരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണ്. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണം. വര്‍ഗീയതയ്ക്കെതിരായി ആശയപ്രചാരണം നടത്താന്‍ മോഹന്‍ലാലും പൃഥ്വിരാജും അടങ്ങുന്ന ടീം മുന്നോട്ട് വന്നതിന് വര്‍ത്തമാനകാലത്ത് വലിയ പ്രധാന്യമുണ്ട് എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

20 വർഷമായി സിനിമ കാണാറില്ലെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. ഒരു കാലത്ത് സിനിമകളുടെ വലിയ  ആരാധകനായിരുന്നു. ഒരു ദിവസം അഞ്ച് സിനിമകള്‍ വരെ കണ്ടിരുന്ന കാലമുണ്ടായി രുന്നു. ഒരു ഘട്ടമെത്തിയപ്പോഴേയ്ക്കും സിനിമകള്‍ക്ക് ഒരു അര്‍ത്ഥവും ഇല്ലാതായതായി തോന്നി. അത് ഒരു വികാരങ്ങളും ഉണ്ടാക്കാറില്ല. പുതിയ സിനിമകളുമായി ഒരു കണക്ഷനും തോന്നുന്നില്ല അതാണ് കാണുന്നത് നിര്‍ത്താന്‍ കാരണമെന്നാണ് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചത്.
Previous Post Next Post