ഭൂമിയിലെ ദേവസംഗമം; 24 ദേവീദേവന്‍മാര്‍ എഴുന്നള്ളും, ആറാട്ടുപുഴ പൂരം നാളെ...




തൃശൂര്‍: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ. ബുധനാഴ്ച വൈകീട്ട് ആറിന് 15 ആനകളുടെ അകമ്പടിയില്‍ പഞ്ചാരിമേളത്തോടെ ശാസ്താവ് എഴുന്നള്ളും. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന, 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളാല്‍ സമ്പന്നമാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരമാണ് ആറാട്ടുപുഴപൂരം.

വിഷഹാരിയായ ഭഗവതി ആറാടുന്നതോടെ പുഴയിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു എന്ന് വിശ്വാസം. ആറാട്ടു സമയത്ത് ഗംഗയുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് സങ്കല്‍പ്പം. തുടര്‍ന്ന് മറ്റു ദേവിമാരുടെ ആറാട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തേവര്‍ ആറാട്ടുപുഴയില്‍ എത്തുക. പല്ലിശ്ശേരി സെന്റര്‍ മുതല്‍ പൂരപ്പാടം വരെ അഞ്ച് ആനകളും കൈതവളപ്പ് വരെ 11- ആനകളും പഞ്ചവാദ്യവും അകമ്പടിയേകും. തുടര്‍ന്ന് 21 ആനകളുടെ അകമ്പടിയില്‍ പാണ്ടിമേളം. കൂട്ടിയെഴുന്നള്ളിപ്പിന് തൃപ്രയാര്‍ തേവര്‍ നായകത്വം വഹിക്കും.

ഇടത് ഊരകം അമ്മത്തിരുവടിയും ചാത്തക്കുടം ശാസ്താവും വലത് ചേര്‍പ്പ് ഭഗവതിയും എഴുന്നള്ളും. അകമ്പടിയായി ഇരുഭാഗത്തും ആനകള്‍ അണിനിരക്കും. പാണ്ടിമേളത്തോടെയാണ് എഴുന്നള്ളിപ്പ്. ദേവമേളയുടെ മുപ്പത്തിമുക്കോടി ദേവകളും എത്തുമെന്നും പൂരപ്പാടം ഭൂലോകവൈകുണ്ഡമായി മാറുമെന്നുമാണ് ഐതിഹ്യം.
Previous Post Next Post