തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലപാതക കേസിലെ വിധി 24ന്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി പ്രതിക്കും പ്രോസിക്യൂഷനും പറയാനുളളത് വിശദമായി കേട്ട ശേഷമാണ് വിധി പറയാൻ കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. കുറ്റകൃത്യത്തിൽ പശ്ചാത്താപം ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്നാണ് പ്രതി രാജേന്ദ്രൻ പറഞ്ഞത്. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയുമെന്നും, ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി പറഞ്ഞു.
70 വയസുള്ള അമ്മയെ നോക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ നിയമ സേവനം ചെയ്യണമെന്നതുകൊണ്ടും ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും രാജേന്ദ്രൻ കോടതിയൽ പറഞ്ഞത്.
ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വധ ശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
2022 ഫെബ്രുവരി 6 നാണ് തിരുവനന്തപുരത്തെ ഒരു അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. കടയിൽ ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തുകയായിരുന്നു.
വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചിരുന്നു.