കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.
എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.
പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു.
ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.