ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവരുടെ വിവരങ്ങള്‍ തേടിയ സംഭവം.. 4 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു…



ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവക്കാരുണ്ടെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ വിവാദ നിര്‍ദേശം റദ്ദ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ഫെബ്രുവരി 13ന് നിര്‍ദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട് എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത് സംബന്ധിച്ച് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ജീവനക്കാർ ആദായനികുതി അടയ്ക്കുന്നില്ലെന്നു പരാതിയുമായി മുന്നോട്ടു വന്ന അബ്ദുല്‍ കലാമിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാന അധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ‘താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.


Previous Post Next Post