പാമ്പാടി • പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ വജ്രജൂബിലി പെരുന്നാളിന് തുടക്കമായി. ഏപ്രിൽ 5വരെയാണ് പെരുന്നാൾ. ദിവസവും 12ന് ഉച്ചനമസ്കാരവും, വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരവും, ഏപ്രിൽ രണ്ട് വരെ വൈകിട്ട് താബോർ പ്രഭാഷണവും അഖണ്ഡ പ്രാർഥനയും നടക്കും. ഏപ്രിൽ മൂന്നിന് വൈകിട്ട് 6.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ സർവമതസമ്മേളനവും, യുവജനസംഗമവും നടത്തും. ഭദ്രാസനത്തിൻ്റെ 150-ാം വാർഷികത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയും പാമ്പാടി തിരുമേനി ചരമ വജ്ര ജൂബിലി കർമപദ്ധതികളുടെ ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും.
കുന്നംകുളം പഴഞ്ഞി ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരെ 4ന് ഉച്ചയ്ക്ക് ഒന്നിനു ദയറയിലും ഇടുക്കി, കോട്ടയം, കാരാപ്പുഴ, കാസർകോട് ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ വൈകിട്ട് നാലിന് സെൻ്റ് ജോൺസ് കത്തീഡ്രലിലും സ്വീകരിക്കും. 5ന് കത്തീഡ്രലിൽ നിന്നും ദയറയിലേക്ക് പ്രദക്ഷിണം 5.45ന് പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്‌കാരം. തുടർന്ന് അനുസ്‌മരണ പ്രസംഗം- ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് 5-ാം തീയതി പുലർച്ചെ 5ന് കുർബാന-ഡോ.യൂഹാനോൻ കാൻ മാർ ദിയസ്കോറസ് 8ന് പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് കബറിടത്തിൽ ധൂപ പ്രാർഥന, പ്രദക്ഷിണം, ഗ്ലൈഹികവാഴ്വ്, നേർച്ചവിളമ്പ് ക്രമീകരണങ്ങൾക്ക് ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ദയറ മാനേജർ ഫാ.മാത്യു ഏബ്രഹാം, ഫാ.ജോൺ വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ.കെ.എം.സഖറിയ, ജനറൽ കൺവീനർ ഫാ.മാത്യു വർഗീസ്, ജോയിൻ്റ് കൺവീനർ സാബു വർഗീസ് എന്നിവർ നേതൃത്വം നൽകും.