പാലിയേക്കര ടോൾ പ്ലാസയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന; നികുതി അടയ്ക്കാതെ കേരളത്തില്‍ സര്‍വീസ് നടത്തിയതിന് 7 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിഴ ചുമത്തി



പാലിയേക്കര ടോൾ പ്ലാസയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. നികുതി അടയ്ക്കാതെ കേരളത്തില്‍ സര്‍വീസ് നടത്തിയതിന് 7 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ 11.60 ലക്ഷം രൂപ പിഴ ചുമത്തി മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. പാലിയേക്കര ടോള്‍പ്ലാസയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ നികുതി അടയ്ക്കാതെയാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കര്‍ണാടക എന്നീ സ്‌റ്റേറ്റുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നേടി കേരളത്തിലൂടെ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളെയാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. ഏഴ് വാഹനങ്ങളില്‍ നിന്നായി 11,60,700 രൂപ നികുതി ഇനത്തില്‍ അധികൃതർ  ഈടാക്കി. നിരവധി ബസുകൾ ഇങ്ങനെ നികുതി വെട്ടിച്ച് സർവീസ് നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ബിജു, കെ. അശോക് കുമാര്‍, കെ.ബി. ഷിജോ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ജെ. വിപിന്‍, സുമേഷ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ബസുകൾ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 7 മണി മുതല്‍ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിവരെ പരിശോധന നീണ്ടു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Previous Post Next Post