വിഷുവിന് കേരളത്തിലേക്ക് 980 ഇലക്ട്രിക് ബസ്സുകൾ എത്തുന്നു? സത്യം എന്ത് ?? വിശദമായി അറിയാം



2025ലെ വിഷുവിന് കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി 980 ഇലക്ട്രിക് ബസ്സുകൾ എത്തുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പ്രചാരണം പറയുന്നത് അങ്ങനെയാണ്. 'സനൽകുമാർ എസ്സ്' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ഏപ്രിൽ 10ാം തീയതി പ്രസിദ്ധീകരിച്ച വീഡിയോ പോസ്റ്റിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ പറയുന്നു: 

"കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിജിയുടെ വിഷുക്കൈനീട്ടം. 980 പുതിയ ഇലക്ട്രോണിക് ബസുകൾ കേരളത്തിലെ 5000.ചെറുപ്പക്കാർക്ക് തൊഴിൽ നല്കുന്ന പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതി. ഡ്രൈവർ ഉൾപ്പെടെ എല്ലാം കേന്ദ്രസർക്കാർ നൽകും. പക്ഷേ ഈ പദ്ധതി ഞമ്മന്റെ ആണെന്ന് എട്ടുകാലി മമ്മൂഞ്ഞ് പറയുന്നതിന് മുൻപ് എല്ലാ രാജ്യസ്നേഹികളും ഇത് ജനങ്ങളോട് പ്രചരിപ്പിക്കുക വന്ദേമാതരം. ഭാരത് മാതാ കീ ജയ്."


ഈ പോസ്റ്റിൽ പറയുന്ന ബസ്സുകൾ പിഎം ഇ-സേവ പദ്ധതിയുടെ ഭാഗമായി കേരളത്തിന് വാടകയ്ക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നവയാണ്. 950 ബസ്സുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കേരളകൗമുദിയുടെ ഒരു റിപ്പോർട്ട് പറയുന്നത് ഇങ്ങനെ: "ഒരു സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസ്സുകളാണ് സംസ്ഥാനങ്ങൾക്ക് വാടകയ്ക്ക് നൽകുക. 350 കിലോമീറ്റർ ദൂരം സിംഗിൾ ചാർജിൽ ഓടുന്നവയാണ് ഈ ബസ്സുകൾ. ഇതിൽ കിലോമീറ്ററിന് 54 രൂപ സ്വകാര്യ കമ്പനിക്ക് വാടകയായി നൽകണം. കേന്ദ്ര സർക്കാർ ഇതിലേക്ക് 22 രൂപ നൽകും. ബാക്കി 28 രൂപ സംസ്ഥാന സർക്കാർ നൽകണം. കണ്ടക്ടറെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കണ്ടക്ടർക്ക് കിലോമീറ്ററിന് 8 രൂപ വെച്ച് സംസ്ഥാന സർക്കാർ ശമ്പളം നൽകണം."
പിഎം ഇ സേവാ ബസ്സുകൾ വാടകയ്ക്കെടുക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. "രാജ്യത്താകെ ഇ-ബസ്; കെ.എസ്.ആർ.ടി.സി.ക്ക് ഡീസൽപ്രേമം, 950 ബസ് അനുവദിച്ചിട്ടും താത്പര്യം അറിയിച്ചില്ല," എന്ന തലക്കെട്ടിൽ മാതൃഭൂമി ഒരു വാർത്ത 2024 ഒക്ടോബർ 28ന് പ്രസിദ്ധീകരിച്ചിരുന്നു.

"മന്ത്രി മാറിയപ്പോള്‍ ലാഭം നഷ്ടമായി, ഉപേക്ഷിക്കേണ്ടി വരുന്നത് 950 ഇലക്ട്രിക് ബസുകള്‍" എന്ന തലക്കെട്ടിൽ 2024 ജനുവരി 19ന് പ്രസിദ്ധീകരിച്ച മാതൃഭൂമി റിപ്പോർട്ട് പറയുന്നത് ഇലക്ട്രിക് ബസ്സുകൾ ലാഭകരമല്ലാത്തതിനാൽ പിഎം ഇസേവാ പദ്ധതിയിലൂടെ ലഭിക്കുന്ന ബസ്സുകൾ ബാധ്യതയായിത്തീരും എന്ന് കെഎസ്ആർടിസി ഭയക്കുന്നു എന്നാണ്.
ചുരുക്കത്തിൽ പിഎം ഇ സേവാ ബസ്സുകൾ വേണ്ട എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിരുന്നത്. ഈ നിലപാടിൽ നിന്ന് സർക്കാർ മാറിയതായി റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.
Previous Post Next Post