ബംഗളൂരു: നഗരത്തിലെ മൂന്നിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. മൂന്ന് കേസുകളിലായി യുവ എൻജിനീയറുൾപ്പെടെ ഒമ്പതു മലയാളികളെയും ഒരു നൈജീരിയൻ പൗരനെയും കസ്റ്റഡിയിലെടുത്തു.
ഇലക്‌ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗൺ, ബേഗൂർ എന്നിവിടങ്ങളിൽ നിന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ബൊമ്മസാന്ദ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ജിജോ പ്രസാദാണ് പിടിയിലായ മലയാളി എൻജിനീയർ.
ഇലക്‌ട്രോണിക് സിറ്റിയിൽ നിന്ന് എട്ടിന് അറസ്റ്റിലായ ഇയാളുടെ പക്കൽ നിന്ന് ഒരു കിലോയിൽ അധികംവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കു ലഹരി വസ്തുക്കൾ എത്തിച്ചു വിൽപ്പന നടത്തുന്ന ഇയാളുടെ വീട്ടിൽ നിന്ന് 25 ലക്ഷം രൂപയും മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു.
യെലഹങ്ക ന്യൂടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരിക്കേസിലാണ് എട്ട് മലയാളി യുവാക്കൾ പിടിയിലായത്. 110 ഗ്രാം എംഡിഎംഎയും പത്ത് മൊബൈൽ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നഗരത്തിലെ ലഹരിവിൽപ്പനയുടെ ഇടനിലക്കാരനായ നൈജീരിയൻ പൗരനാണ് അറസ്റ്റിലായ മറ്റൊരാൾ. ബേഗൂരിൽ നിന്നാണ് ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയും ഫോണും മറ്റ് വസ്തുക്കളുമായി ഇയാൾ പിടിയിലായതെന്നു ബംഗളൂരു പൊലീസ് അറിയിച്ചു.