ബെംഗളൂരു കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം ബിഹാര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സഹോദരനെ മര്‍ദിച്ച് അവശനാക്കിയശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
യുവതിയെ ബലാത്സംഗംചെയ്തത് ആസിഫാണെന്നും സഹോദരനെ മര്‍ദിച്ച് അവശനാക്കിയത് സയ്യിദ് മുസ്ഹറാണെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കൊച്ചിയില്‍ ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശിയായ യുവതി നാട്ടില്‍ പോകാനാണ് അര്‍ധരാത്രിയോടെ യുവതി ട്രെയിനില്‍ ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലേക്ക് വരുന്നവിവരം അവിടെ ജോലിചെയ്യുന്ന അമ്മാവന്റെ മകനെ യുവതി നേരത്തെ അറിയിച്ചിരുന്നു. ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് യുവതി കെആര്‍ പുരം സ്റ്റേഷനില്‍ ട്രെയിനിറങ്ങിയതും.
ഭക്ഷണം കഴിക്കാനായി മഹാദേവപുര ഭാഗത്തേക്ക് പോയി. ഇതിനിടെയാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. ഓട്ടോയിലെത്തിയ പ്രതികളില്‍ ഒരാള്‍ സഹോദരനെ മർദിക്കുകയും മറ്റൊരാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചതും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതും.