'കുടുംബത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റണം'; വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിൽ കീടനാശിനി വിതറി യുവാവ്





ഹൈദരാബാദ്: കുടുംബം തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിൽ കീടനാശിനി തളിച്ച യുവാവ് അറസ്റ്റിൽ. തെലുങ്കാനയിലെ ആദിലാബാദ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ പ്രതിയായ സോയം കിസ്റ്റു (27) ആണ് അറസ്റ്റിലായത്.

ഇച്ചോഡ മണ്ഡലിലെ ധർമ്മപുരി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. പാചകപുരയുടെ പൂട്ടു തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തിലും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിലും കീടനാശിനി തളിച്ചതായി കണ്ടെത്തിയത്. പിന്നാലെ പ്രിൻസിപ്പൽ പ്രതിഭ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ഒഴിഞ്ഞ കീടനാശിനി കുപ്പികണ്ടെത്തുകയും സംശയം തോന്നിയ 3 ആളുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നാലെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് ആദിലാബാദ് എസ്പി അഖിൽ മഹാജൻ പറഞ്ഞു. തന്‍റെ കുടുംബത്തോട് തനിക്ക് ദേഷ്യമുണ്ടെന്നും അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇയാൾ പൊലീസിൽ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. ബുധനാഴ്ച അറസ്റ്റ് ചെയ്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Previous Post Next Post