എമ്പുരാന്റെ വ്യാജപതിപ്പ്‌ പിടിച്ചെടുത്ത ജനസേവന കേന്ദ്രത്തിനെതിരെ നടപടി.. സ്ഥാപനം പോലീസ് അടച്ചുപൂട്ടി…


പാപ്പിനിശ്ശേരിയിലെ ജനസേവനകേന്ദ്രത്തില്‍ നിന്ന് എമ്പുരാന്റെ വ്യാജപതിപ്പ് പിടിച്ചെടുത്ത സംഭവം. സ്ഥാപനത്തിനെതിരെ നടപടിയുമായി പോലീസ്. പ്രസ്തുത സ്ഥാപനം വളപട്ടണം പോലീസ് അടച്ചുപൂട്ടി. നടത്തിപ്പുകാരനായ വി കെ പ്രേമന്‍ (56), സി വി രേഖ (43) എന്നിവര്‍ക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. എന്നാൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്ന് പോലീസ് ഇൻസ്‌പെക്ടർ ടി കെ സുമേഷ് പറഞ്ഞു.


തംബുരു കമ്യൂണിക്കേഷൻ എന്നറിയപ്പെടുന്ന സ്വകാര്യ ജനസേവന കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ചയാണ് എമ്പുരാന്റെ വ്യാജപതിപ്പ് പോലീസ് കണ്ടെടുത്തത്. സിനിമയുടെ റിലീസ് ദിനത്തിൽ തന്നെ ഇവർക്ക് വ്യാജപതിപ്പ് ലഭിച്ചിരുന്നു. ടോറന്റ് ആപ്പ് ഉപയോഗിച്ച് ഇവർ വ്യാജപതിപ്പ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തില്‍ സ്ഥാപനത്തിന്റെ ജീവനക്കാരിയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആവശ്യക്കാർക്ക് പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടന്നത്.

Previous Post Next Post