കെ സുധാകരനെ പണ്ട് കോളേജിൽ പാൻ്റ് പരിശോധിച്ചപ്പോൾ രക്ഷിച്ചത് താനാണെന്ന സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ്റെ വിവാദ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഫേസ്ബുക്കിലാണ് മുൻമന്ത്രി എ കെ ബാലനും മുഖ്യമന്ത്രിക്കും എതിരെ കെ സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചത്.
വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി മുൻമന്ത്രി എ കെ ബാലൻ മാറിയെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐഎമ്മിൻ്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടത് കൊണ്ടാണ് നായ മോങ്ങുന്നത് പോലെ ബാലൻ മോങ്ങുന്നത് എന്നും ആ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണെന്നും സുധാകരൻ പരിഹസിച്ചു. പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയിൽ താൻ മനസ്സിലാക്കുന്നു എന്നും കെ സുധാകരൻ കുറിച്ചു.പിണറായി വിജയനെ ന്യായീകരിക്കാനായി പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോൾ എ കെ ബാലൻ എന്നും സുധാകരൻ പറഞ്ഞു. കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാമെന്നും ബാലൻ്റെ ആരോപണങ്ങൾക്ക് പുല്ലുവിലയാണ് കൊടുക്കുന്നതെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു